English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ശൈവ സമുദായത്തിന്റെ അഭിമാന സ്തംഭങ്ങളും, ഇന്ന് ദക്ഷിണപഥത്തിലെ പല ക്ഷേത്രങ്ങളിലും ആരാധനാ മൂര്‍ത്തികളുമായ 63 നായനാര്‍മാരില്‍ 2 പേര്‍ കേരളീയരാണ്. അവരിലൊരാള്‍ ചേരമാന്‍ പെരുമാള്‍ നായനാരും രണ്ടാമത്തെയാള്‍ ചെങ്ങന്നൂരില്‍ ജനിച്ച് നെടുനായകനായി ശോഭിച്ച വിറല്‍മിണ്ട നായനാരുമാണ്. സുപ്രസിദ്ധനായ സുന്ദരമൂര്‍ത്തി നായനാരുടെ സമകാലീനന്മാരായിരുന്നു ഇവര്‍ രണ്ടുപേരും. ചേരന്‍മാരുടെ രാജ്യത്തിലുണ്ടായിരുന്ന “ഊരു”കളില്‍ ശ്രീമത്തായ പഴയ ഊരാണ് ചെങ്ങന്നൂര്‍ എന്ന് പുരാതന രേഖകളില്‍ കാണാം. ചെങ്ങന്നൂര്‍ ശിവക്ഷേത്രം അതിപുരാതനമായതും ചരിത്ര പ്രസിദ്ധമായതുമായ ഒരു ക്ഷേത്രമാണ്. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തോടനുബന്ധിച്ച്, ഒട്ടനവധി ഐതിഹ്യങ്ങളും, ചരിത്രങ്ങളും നിലവിലുണ്ട്. പടിഞ്ഞാറു ദിക്കിനഭിമുഖമായി ദേവീപ്രതിഷ്ഠയുള്ള ഇവിടെ, അതിനോടനുബന്ധിച്ച് തിരുപ്പൂപ്പ് എന്ന ആചാരം നടക്കുന്ന പതിവുണ്ട്. ഇതര ക്ഷേത്രങ്ങളിലൊന്നും സാധാരണമല്ലാത്ത ഒരു അടിയന്തിരമാണ് ദേവിയുടെ തിരുപ്പൂപ്പ്. പൌരാണിക ശില്പകലകളുടെ സംഗമകേന്ദ്രം കൂടിയായ പ്രസിദ്ധമായ ചെങ്ങന്നൂര്‍ സുറിയാനിപ്പള്ളിയിലെ ശിലാ-ദാരു ശില്പങ്ങളും, മുപ്പത്തിമൂന്നര അടി ഉയരമുള്ള ഒറ്റക്കല്‍ കുരിശും പ്രാചീന കലാവൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അയിരൂര്‍ ക്ഷേത്രം, കീഴൂട്ട് ക്ഷേത്രം, ചെങ്ങന്നൂര്‍ ശിവക്ഷേത്രം, 6 ദിവ്യക്ഷേത്രങ്ങളായ തിരുച്ചിന്‍ കാറ്റിന്‍കര, തിരുപ്പുലിയൂര്‍ , തിരുവന്‍വണ്ടൂര്‍ , തിരു ആറ്റിന്‍വിള (തിരുവാറന്മുള), തിരുവല്ലവാഴ് (തിരുവല്ല), തൃക്കൊടിത്താനം ക്ഷേത്രം, തിരുചിറ്റാര്‍ ക്ഷേത്രം, സുറിയാനിപ്പള്ളി, ചായല്‍പ്പള്ളി, സെന്റ് തോമസ് കത്തോലിക്കപള്ളി, സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ. ചര്‍ച്ച് എന്നിവയാണ് ചെങ്ങന്നൂരിന്റെ പ്രാചീന സാംസ്കാരികചരിത്രവുമായി ബന്ധപ്പെട്ട പ്രധാന ആരാധനാലയങ്ങള്‍ . കറുത്ത പൊന്ന് എന്ന് പ്രസിദ്ധമായ കുരുമുളക് പണ്ടുകാലം മുതലേ ഈ നാട്ടില്‍ നിന്നുള്ള പ്രധാന കയറ്റുമതി ചരക്കായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭരണകാലത്ത് മഹാരാജാവിനോട് ഒട്ടും ഭക്തി കുറവില്ലാതെതന്നെ ഇവിടുത്തുകാര്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുക്കുകയും സര്‍ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങുകയും ചെയ്തു. എം.ആര്‍ മാധവ വാര്യര്‍ , കണ്ണാറ ഗോപാലപ്പണിക്കര്‍ മുതലായവരായിരുന്നു ഇവിടുത്തെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനികള്‍ . വാര്യര്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ജിഹ്വ ആയിരുന്ന “മലയാളി” എന്ന പേരിലുള്ള ദിനപത്രത്തിന്റെ മുഖ്യപത്രാധിപത്യം ഏറ്റെടുക്കുകയും സര്‍ സി.പി.രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരായി എഴുതുകയും ചെയ്തു. 1952-ല്‍ വാര്യര്‍ ഈ ലോകത്തോട് വിട പറഞ്ഞു. സി.പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പല പ്രതികളെയും ചെങ്ങന്നൂരില്‍ നിന്നും കാല്‍നടയായിട്ടാണ് കൊട്ടാരക്കരയില്‍ എത്തിച്ചിരുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനശ്വരനായ രക്തസാക്ഷി കുടിതില്‍ ജോര്‍ജ്ജ് എന്നും സ്മരിക്കപ്പെടുന്ന മഹത് വ്യക്തിയായിരുന്നു. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശങ്കരനാരായണന്‍ തമ്പി ചെങ്ങന്നൂരിന്റെ പുത്രനായിരുന്നു. ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപിച്ച ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്കൂളുമാണ് ഇവിടുത്തെ വിദ്യാഭ്യാസമേഖലയെ ധന്യമാക്കിയ ആദ്യവിദ്യാലയങ്ങള്‍ . എം.സി റോഡ്, ചെങ്ങന്നൂര്‍ - പത്തനംതിട്ട റോഡ്, ചെങ്ങന്നൂര്‍ - മാവേലിക്കര റോഡ്, പാണ്ടനാട്-മാന്നാര്‍ റോഡ് എന്നിവയാണ് ചെങ്ങന്നൂര്‍ മുനിസിപ്പല്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന പ്രധാന ഗതാഗതപാതകള്‍ . കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും വടക്കുഭാഗത്തു നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ചെങ്ങന്നൂര്‍ .