English| മലയാളം

ആമുഖം

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കിലാണ് 1978-ല്‍ രൂപീകൃതമായ ചെങ്ങന്നൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ വില്ലേജു മുഴുവനായി വ്യാപിച്ചുകിടക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് 13 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് കുറ്റൂര്‍ , ഇരവിപേരൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കോയിപ്രം, ആറന്മുള, മുളക്കുഴ, ഇരവിപേരൂര്‍ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുളക്കുഴ, ആല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പുലിയൂര്‍ , പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളുമാണ് ചെങ്ങന്നൂര്‍ നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍ . സമുദ്രനിരപ്പില്‍ നിന്ന് വളരെയൊന്നും ഉയരത്തിലല്ലാതെയാണ് ഈ പ്രദേശത്തിന്റെ കിടപ്പ്. കുന്നുകള്‍ , ചെരിവുകള്‍ , സമതലങ്ങള്‍ , താഴ്വരകള്‍ എന്നിങ്ങനെ ഈ നഗരപ്രദേശത്തിന്റെ ഭൂപ്രകൃതിയെ വേര്‍തിരിക്കാം. ചെമ്മണ്ണ്, എക്കല്‍മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍ . 1978 ഏപ്രില്‍ ഒന്നിന്, അതുവരെ നിലവിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറി. നഗരസഭ രൂപീകൃതമായ ശേഷം ആദ്യത്തെ രണ്ടു വര്‍ഷക്കാലം സ്പെഷ്യല്‍ ആഫീസറുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ആദ്യത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് 1980-ലാണ് നടന്നത്. ആദ്യകൌണ്‍സിലിന്റെ ചെയര്‍മാന്‍ പി.കെ.ജോണ്‍ ആയിരുന്നു. ചേരന്‍മാരുടെ രാജ്യത്തിലുണ്ടായിരുന്ന “ഊരു”കളില്‍ ശ്രീമത്തായ പഴയ ഊരാണ് ചെങ്ങന്നൂര്‍ എന്ന് പുരാതന രേഖകളില്‍ കാണാം. 

 

പൊതുവിവരങ്ങള്‍
ജില്ല                                     : ആലപ്പുഴ 
വിസ്തീര്‍ണ്ണം                          : 13 ച.കി.മി
കോഡ്                                  : M040100 
വാര്‍ഡുകളുടെ എണ്ണം               : 27  
ജനസംഖ്യ                               : 25391
പുരുഷന്മാര്‍‍                          : 12087
സ്ത്രീകള്‍‍                                : 13304
ജനസാന്ദ്രത                               : 1990
സ്ത്രീ : പുരുഷ അനുപാതം         : 1062
മൊത്തം സാക്ഷരത                     : 96.5
സാക്ഷരത (പുരുഷന്മാര്‍ )           : 98.2
സാക്ഷരത (സ്ത്രീകള്‍ )                : 94.9
Source : Census data 2001